ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും കളിക്കാൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകി. ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം, ഡ്രസിംഗ് റൂമിലെ വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെയാണ് താരത്തിന് ആശ്വാസമായ തീരുമാനമുണ്ടായത്.
മുൻ ക്യാപ്റ്റനും ഹെഡ് കോച്ചുമായ മുഹമ്മദ് ഹഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 19ന് ആരംഭിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഫസ്റ്റ് ക്ലാസ് ടൂർണമെന്റിൽ എസ്എൻജിപിഎൽ ടീമിനെ റിസ്വാൻ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് പിസിബിയുടെ ആഭ്യന്തര വിഭാഗത്തിൽനിന്ന് ഇമെയിലായി ലഭിച്ചതായും ഹഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം റിസ്വാനെയും മറ്റൊരു പാക് താരമായ ഇമാം ഉൾ ഹഖിനെയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. ഡ്രസിംഗ് റൂമിലെ വിവരങ്ങൾ ചോർന്നതായും ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടന്നതായുമുള്ള ആരോപണങ്ങളിൽ നാഷണൽ സൈബർ ക്രൈം സെൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയായിരുന്നു നടപടി.
അന്വേഷണത്തിന്റെ ഭാഗമായി റിസ്വാൻ ഇതുവരെ രണ്ടുതവണ നാഷണൽ സൈബർ ക്രൈം ഏജൻസിക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ടീമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ റിസ്വാന്റെയും ഇമാം ഉൾ ഹഖിന്റെയും ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നു.
അന്വേഷണം തുടരുന്നതിനിടെയാണ് റിസ്വാന് ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്താൻ അനുമതി ലഭിച്ചിരിക്കുന്നത്. 47 ടെസ്റ്റുകളും 103 ഏകദിനങ്ങളും 106 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള റിസ്വാന്, ലോര്ഡ്സ് ടെസ്റ്റിന് ശേഷം ഇതുവരെ കളിച്ചിട്ടില്ല.